ആലപ്പുഴ: കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ അധ്യയനം മുടങ്ങിയ സംഭവത്തിൽ മാനേജ്മെന്റിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം. ലിജു, പ്രതിസന്ധി പരിഹരിച്ച് ക്ലാസുകൾ ഉടൻ പുനരാരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കർശന നിർദ്ദേശം നൽകി.
കറ്റാനം ഓർത്തഡോക്സ് വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ 21 ദിവസമായി ക്ലാസുകൾ നടക്കുന്നില്ല. 110 വർഷം പഴക്കമുള്ള സ്കൂളിലെ രണ്ട് കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് അധ്യയനം നിർത്തലാക്കിയത്. 41 വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിട്ടും അവർക്ക് ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. വിഷയത്തിൽ മന്ത്രി എം. ലിജു ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് (ഡി.ഇ.ഒ) അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.
അതേസമയം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ മാനേജ്മെന്റ് നിർദ്ദേശിച്ചതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂളിന് മുന്നിൽ സമരം ആരംഭിച്ചു. നിലവിലെ എയ്ഡഡ് സ്കൂൾ പൂട്ടിയ ശേഷം, മാനേജ്‌മെന്റിന്റെ തന്നെ കീഴിലുള്ള അൺ എയ്ഡഡ് സ്കൂളിന്റെ പ്രവർത്തനം വിപുലീകരിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.




+ There are no comments
Add yours