‘ഷോൺ ജോർജ് കുറച്ച് ഓവറാണ്, പി.സി. ജോർജ് പോലും എനിക്കെതിരെ സംസാരിച്ചിട്ടില്ല’; ഡയറി വിവാദത്തിൽ പ്രതികരിച്ച് ജി. സുധാകരൻ

Estimated read time 1 min read

ആലപ്പുഴ: സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ തന്റെ പേര് ഉൾപ്പെടുത്തിയെന്ന ആരോപണം തള്ളി ജി. സുധാകരൻ എം.എൽ.എ. യഥാർത്ഥത്തിൽ പണം കൈപ്പറ്റിയവരെ രക്ഷിക്കുന്നതിനും കേസിന്റെ ഗൗരവം കുറയ്ക്കുന്നതിനുമായി തന്റെ പേര് പിന്നീട് എഴുതിച്ചേർത്തതാകാമെന്ന് അദ്ദേഹം പറഞ്ഞു. ഡയറിയുടെ വിവരങ്ങൾ പുറത്തുവിട്ട ഷോൺ ജോർജ് കുറച്ച് ‘ഓവറാണെന്നും’, അദ്ദേഹത്തിന്റെ പിതാവ് പി.സി. ജോർജ് പോലും നിയമസഭയിൽ തനിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.

പാർട്ടിക്ക് പണം നൽകാമെന്ന് ശശിധരൻ കർത്ത പറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർത്ത വ്യക്തിയാണ് താൻ. അങ്ങനെയുള്ള തന്റെ പേര് ഈ ഡയറിയിൽ വരേണ്ട യാതൊരു സാഹചര്യവുമില്ല. കാശ് വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കമാണിത്.

ഷോൺ ജോർജിന് എവിടെനിന്നാണ് ഈ പട്ടിക ലഭിച്ചതെന്ന് ചോദിച്ച എം.എൽ.എ, ഷോൺ കുറച്ച് ഓവറാണെന്നും പറഞ്ഞു. അയാൾ പറയുന്ന കാര്യങ്ങളിൽ ചില ശരികളൊക്കെയുണ്ടെങ്കിലും, ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി കുറച്ച് അധികം പ്രതികരിക്കുന്ന പ്രകൃതമാണ്. എന്തായാലും ഷോൺ ജോർജിന്റെ പേര് ആ ലിസ്റ്റിൽ ഇല്ലാത്തത് ആശ്വാസകരമാണ്. പേര് വന്നതിന്റെ പേരിൽ താൻ നിയമനടപടിക്കോ മാനനഷ്ടക്കേസിനോ മുതിരുന്നില്ലെന്നും, മാനം ഉള്ളവർ ഇത്തരം കാര്യങ്ങൾ പറയില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

+ There are no comments

Add yours