നിർമിത ബുദ്ധിക്ക് ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ അനിവാര്യം; യു.എൻ രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി എ.ഐ കമ്പനി മേധാവികൾ

Estimated read time 1 min read

ന്യൂയോർക്ക്: നിർമിത ബുദ്ധിയുടെ (AI) അനിയന്ത്രിതമായ വികാസം ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇതിനെ നിയന്ത്രിക്കാൻ കൃത്യമായ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ അനിവാര്യമാണെന്നും യു.എൻ രക്ഷാസമിതിയിൽ മുന്നറിയിപ്പ് നൽകി പ്രമുഖ എ.ഐ കമ്പനി മേധാവികൾ. ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെ എന്നിവരാണ് ഐക്യരാഷ്ട്രസഭയിൽ ഈ നിർണായക ആവശ്യമുന്നയിച്ചത്.

എ.ഐയുടെ ശേഷി അളക്കുന്നതിനും ഭീഷണികൾ കുറയ്ക്കുന്നതിനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് സാം ആൾട്ട്മാൻ ആവശ്യപ്പെട്ടു. എ.ഐയുടെ വളർച്ചയ്ക്ക് കൃത്യമായ നിയന്ത്രണങ്ങളില്ലെങ്കിൽ 2030-ഓടെ മനുഷ്യരാശിയുടെ നാശത്തിന് തന്നെ അത് കാരണമായേക്കാമെന്ന അതിഗുരുതരമായ മുന്നറിയിപ്പാണ് ഡാരിയോ അമോഡെ നൽകിയത്. സാങ്കേതികവിദ്യയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ സഹകരണം അനിവാര്യമാണെന്നും ഇരുവരും വ്യക്തമാക്കി.

ഡാരിയോയുടെ ഈ വെളിപ്പെടുത്തൽ എ.ഐ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും സജീവമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് ഇലോൺ മസ്ക് രംഗത്തെത്തി. എ.ഐയുടെ സ്വതന്ത്ര മൂല്യനിർണ്ണയത്തിനും വിശകലനത്തിനും കമ്പനികൾ സഹകരിക്കണമെന്ന ആശയം മികച്ചതാണെന്ന് ഡെമിസ് ഹസാബിസും പ്രതികരിച്ചു. അതേസമയം, കമ്പനികൾ തന്നെ രാജ്യങ്ങൾക്ക് മേൽ എ.ഐ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ നിർദേശങ്ങളെ സംശയത്തോടെ നോക്കിക്കാണുന്ന ഒരു വിഭാഗവുമുണ്ട്.

+ There are no comments

Add yours