തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ ‘വൻതാര’ വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ സന്ദർശിച്ചു. സർക്കാരിന്റെ ഔദ്യോഗിക അനുമതിയോടെയാണ് ആറംഗ ഉദ്യോഗസ്ഥ സംഘം ജാംനഗറിലെ വൻതാരയിലെത്തിയത്.
തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ്, കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ കുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. വന്യജീവി സംരക്ഷണം, പുനരധിവാസം, മൃഗപരിപാലനം തുടങ്ങിയവയിലെ വൻതാരയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും കണ്ട് മനസ്സിലാക്കുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഈ മാസം 22-ന് ആരംഭിച്ച സന്ദർശനം ഇന്ന് അവസാനിക്കും. എന്നാൽ, ഈ സന്ദർശനത്തിന് തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കാനുള്ള ആലോചനകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
തുടരുന്ന വിവാദങ്ങൾ: തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശമാണ് നിലവിലെ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ ഇതിനായി മതിയായ സൗകര്യങ്ങളുണ്ടോയെന്ന് മേയർ വി.വി. രാജേഷ് ചോദിക്കുന്നു. അതേസമയം, ഈ നീക്കത്തെ സി.പി.ഐ.എം ശക്തമായി എതിർക്കുകയാണ്. മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യങ്ങളാണുള്ളതെന്ന് മുൻ എം.എൽ.എയും സി.പി.ഐ.എം നേതാവുമായ വി.കെ. പ്രശാന്ത് ആരോപിച്ചു.




+ There are no comments
Add yours