മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി; അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ്

Estimated read time 0 min read

കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിൽ, റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്ററും ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. എന്നാൽ, കേസിൽ അദ്ദേഹത്തെ നിലവിൽ ചോദ്യം ചെയ്യാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇതിനിടെ, റെയ്ഡിൽ എസ്.ഐ.ടി പിടിച്ചെടുത്ത 6300 ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മറ്റൊരു അപേക്ഷയും നൽകിയിട്ടുണ്ട്.

എന്നാൽ പണം തിരികെ നൽകുന്നതിനെ പോലീസ് ശക്തമായി എതിർത്തു. ഒരു വ്യക്തിക്ക് നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശ നാണയമാണ് ഇതെന്നും, ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പിടിച്ചെടുത്ത ഡോളർ കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം, ഇതുസംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായനികുതി വകുപ്പിനും കൈമാറിയിട്ടുണ്ട്.

+ There are no comments

Add yours