പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എസ്.ഐ.ടി; വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും

Estimated read time 1 min read

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പി.എസ്.സി അധികൃതർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിലേക്ക്. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അന്വേഷണ പുരോഗതി കോടതിയെ ബോധിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഗവൺമെന്റ് പ്ലീഡർ മുഖേനയാകും അന്വേഷണ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കുക.

ഇതിനിടെ, ക്രമക്കേട് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടുകെട്ടാനും സർവർ ലോഗിൻ വിവരങ്ങൾ ശേഖരിക്കാനുമുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

പി.എസ്.സിയുടെ വാദം: ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനോ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ് പി.എസ്.സി അംഗങ്ങൾ നൽകിയ ഹർജിയിലെ പ്രധാന വാദം. ഗവർണർ നിയമിക്കുന്ന അംഗങ്ങൾക്കും കമ്മീഷൻ നിയമിക്കുന്ന ജീവനക്കാർക്കുമെതിരെ അന്വേഷണം നടത്താൻ സർക്കാരിന് കഴിയില്ലെന്നും, അതിനാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത ഈ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. മൂല്യനിർണ്ണയത്തിലെ ഒ.എസ്.എം (OSM) സംവിധാനത്തിലുണ്ടായ കേവലമൊരു സാങ്കേതിക പിഴവ് മാത്രമാണിതെന്നും, ഇത് തിരുത്താൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുമതിയുണ്ടെന്നും പി.എസ്.സി ന്യായീകരിക്കുന്നു.

എന്നാൽ, പി.എസ്.സിയുടെ ഈ വാദങ്ങളെ എതിർക്കുന്ന സർക്കാർ, ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി അംഗങ്ങളും അന്വേഷണ പരിധിയിൽ തന്നെ വരുമെന്ന കർശന നിലപാടിലാണ്.

+ There are no comments

Add yours