തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ മുഖ്യമന്ത്രി ദർശനത്തിനെത്തും. ഒക്ടോബർ 18-നാണ് അദ്ദേഹം ശബരിമലയിൽ എത്തുക. ദർശനത്തോടൊപ്പം വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശബരിമലയിൽ പ്രത്യേക അവലോകന യോഗം ചേരേണ്ടതില്ലെന്നാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മാത്രം സന്ദർശനത്തിൽ മാറ്റമുണ്ടാകും.
മണ്ഡലകാലത്ത് നിലവിലെ ദേവസ്വം ബോർഡിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ നടത്തിപ്പ് ചുമതല പൂർണ്ണമായും ദേവസ്വം ബോർഡിനാണെന്നും, ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും കൃത്യമായി നൽകുന്നുണ്ട്.
അതേസമയം, സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനം പൂർണ്ണമായും വിജയിപ്പിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours