മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം; കമ്മീഷണർമാരുടെ നിയമനരീതി മാറ്റണമെന്ന് സി.പി.ഐ, വിശദീകരണവുമായി കമ്മീഷൻ

Estimated read time 1 min read

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ കടുത്ത ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലവിലെ നിയമനരീതി മാറ്റണമെന്നും സി.പി.ഐ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. കമ്മീഷനുള്ളിലെ സുപ്രധാന തീരുമാനങ്ങളിൽ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഇടപെടുന്നുവെന്ന് കാണിച്ച് കഴിഞ്ഞ 10 മാസത്തിനിടെ മറ്റ് കമ്മീഷണർമാർ 14 വിയോജനക്കുറിപ്പുകൾ നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം:

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷനുള്ളിലെ ജനാധിപത്യവിരുദ്ധമായ ഈ നീക്കങ്ങളിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആർ (SIR) അടക്കമുള്ള വിഷയങ്ങളിൽ കമ്മീഷണർമാർക്കിടയിൽ വലിയ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ:

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. 10 മാസത്തിനിടയിലെ ചില ആഭ്യന്തര കുറിപ്പുകൾ മാത്രം പെരുപ്പിച്ച് കാണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. നിലവിലെ തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ ഓരോ ഉദ്യോഗസ്ഥനും പൂർണ്ണ അധികാരമുണ്ട്. എസ്.ഐ.ആർ അടക്കമുള്ള എല്ലാ പ്രധാന തീരുമാനങ്ങളും നടപ്പാക്കിയത് കൂട്ടായ ആലോചനകളിലൂടെയാണെന്നും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.

+ There are no comments

Add yours