സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ ഭാഗിക തടസ്സം നേരിട്ടേക്കാം

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിലാകും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. നിലവിൽ 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യമാണെങ്കിലും വൈദ്യുതി ഉപഭോഗത്തിൽ യാതൊരു കുറവുമില്ലെന്ന് മാത്രമല്ല, മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഡിമാൻഡ് 1200 മെഗാവാട്ടോളം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

പുറമെ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സാങ്കേതിക പ്രശ്നങ്ങളാൽ ദീർഘകാല കരാറിലൂടെ ലഭിക്കേണ്ടിയിരുന്ന 270 മെഗാവാട്ട് വൈദ്യുതിയും, മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ വഴിയുള്ള 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമാകില്ല. എന്നാൽ കെ.എസ്.ഇ.ബിയുടെ നിരന്തര ശ്രമഫലമായി ഗ്രിഡ്‌കോയിൽ (GRIDCO) നിന്ന് 50 മെഗാവാട്ട് വൈദ്യുതി അധികമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

ദേശീയ തലത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞു. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ദേശീയ തലത്തിലുള്ള 12,000 മെഗാവാട്ടിന്റെ കുറവ് ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഡിമാൻഡ് 5000 മെഗാവാട്ട് വരെ ഉയരാനും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 5000 മെഗാവാട്ടോളം കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി അപകടകരമായ രീതിയിൽ കുറഞ്ഞതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

+ There are no comments

Add yours