പരിവാഹൻ സൈറ്റ് പണിമുടക്കി: അതിർത്തികളിൽ സ്‌പെഷ്യൽ പെർമിറ്റിന് കാലതാമസം

Estimated read time 1 min read

പരിവാഹൻ സൈറ്റ് പണിമുടക്കി: അതിർത്തികളിൽ സ്‌പെഷ്യൽ പെർമിറ്റിന് കാലതാമസം

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് വർക്ക് ചെയ്യാതായത് അതിർത്തികളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സൈറ്റ് പ്രവർത്തനരഹിതമായതോടെ കേരള രജിസ്ട്രേഷൻ ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്‌പെഷ്യൽ പെർമിറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ തമിഴ്‌നാട്-കർണാടക അതിർത്തികളിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി.അവധി ദിനത്തിൽ വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതൽ പരിവാഹൻ സൈറ്റ് പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.
അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുള്ള പെർമിറ്റ് എടുക്കാൻ കഴിയാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരുമാണ് ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പരിവാഹൻ സൈറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് യാത്രക്കാർക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. നേരത്തെ ചെക്ക് പോസ്റ്റുകളിൽ നേരിട്ടെത്തി പെർമിറ്റ് വാങ്ങി യാത്ര ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയതോടെ സ്‌പെഷ്യൽ പെർമിറ്റിനായി പരിവാഹൻ സൈറ്റിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ്.സൈറ്റ് തകരാറുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രീകരിച്ച് കേരളത്തിനായി പ്രത്യേക സെർവറോ മിറർ സെർവറോ സജ്ജീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

+ There are no comments

Add yours