സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി.
യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികള്‍ വർധിച്ചതിനെ തുടർന്നാണ് പുതിയ നടപടി.
പിസിസി ഇല്ലാത്ത ജീവനക്കാരെ ബസില്‍ ജോലിക്ക് നിയോഗിച്ചാല്‍ ബസ് ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പിസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധനകള്‍ കൂടുതല്‍ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാല്‍നട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമ ലംഘനങ്ങള്‍ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം.. ബസ് ജീവനക്കാരുടെ നിയമലംഘനങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകർത്തി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ പരിശോധന നടത്തിയ ശേഷമാണ് അധികൃതർ തുടർനടപടികള്‍ സ്വീകരിക്കുന്നത്. ചില ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതായും ചിലർ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും റിപ്പോർട്ടുകള്‍ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ മുൻകാല വിവരങ്ങള്‍ പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പിസിസി നിർബന്ധമാക്കുന്നത്.








+ There are no comments
Add yours