ആരുടെയും തിണ്ണയില്‍ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എൻഎസ്‌എസ്സിൻ്റേത് : ജി.സുകുമാരൻ നായർ
എൻഎസ്‌എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ പുറകെ പോകുന്ന പ്രശ്നമില്ലെന്നും, ആര് കാണാൻ ആഗ്രഹിച്ചാലും എൻഎസ്‌എസ് ആസ്ഥാനത്ത് വെച്ച് കാണാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ 140 എംഎല്‍എമാരും നായന്മാരായി ജയിച്ചു വന്നാലും എൻഎസ്‌എസിന് ഒരു ഗുണവുമില്ലെന്നും തങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു.
ആര് പെരുന്നയില്‍ വന്നാലും കാണും. തന്റെ വീട്ടിലോട്ട് അലല്ലോ വരുന്നത്. ആരു ഭരിച്ചാലും എൻഎസ്‌എസിന് പ്രശ്നമില്ല. ആരുടെ മുന്നിലും യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങള്‍ക്ക് കിട്ടണം. അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
നാടിന്റെ പുരോഗതിക്ക് കുറെ പങ്ക് വഹിച്ചത് സമുദായങ്ങളാണ്. ഭിന്നശേഷി സംവരണം എൻഎസ്‌എസ് നടപ്പിലാക്കി. അതില്‍ ജാതി പോലും നോക്കുന്നില്ല. എല്ലാ മാനേജ്മെന്റുകളും ഇത് നടപ്പിലാക്കണമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്‌എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ലെന്നും എല്ലാ സമുദായ അംഗങ്ങളും എൻഎസ്‌എസിന് വേണ്ടപ്പെട്ടവരാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
ആഗ്രഹിച്ചിരുന്നുവെങ്കിൽ തനിക്ക് മുമ്പ് തന്നെ പത്മഭൂഷൺ പോലെയുള്ള ബഹുമതികൾ ലഭിക്കുമായിരുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. പത്മ പുരസ്കാരത്തിന് വെള്ളാപ്പള്ളിക്ക് അർഹതയില്ലെന്ന് താൻ പറയുന്നില്ല. അർഹതയുള്ളവർ പുരസ്കാരം വാങ്ങട്ടെയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഐക്യ നീക്കവുമായി എസ്.എൻ.ഡി.പി സമീപിച്ചതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വ്യക്തമായത് കൊണ്ടാണ് പിന്മാറിയതെന്നും വിഷയത്തിൽ മറ്റാരും ഇടപെട്ടിട്ടില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സംസാരിക്കാനായി തുഷാർ വെള്ളാപ്പള്ളി വരാമെന്ന് പറഞ്ഞപ്പോൾ ആലോചിച്ചു. എൻ.ഡി.എയുമായി ബന്ധമുള്ള ഒരാൾ എസ്.എൻ.ഡി.പി -എൻ.എസ്.എസ് ഐക്യവുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയമാകുമെന്ന് ഞാൻ തുഷാറിനെ അറിയിച്ചെന്നും വരേണ്ടതില്ലെന്ന് അറിയിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു

+ There are no comments
Add yours