റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്.
അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവിൽ കലാശപ്പോരിൽ പാകിസ്ഥാന്റെ റൺമലയ്ക്കു മുന്നിൽ കീഴടങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറിൽ 156 റൺസിന് അവസാനിച്ചു. 191 റൺസിന്റെ വമ്പൻ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു.
നാലു വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. വൈഭവ് സൂര്യവംശി, ക്യാപ്റ്റൻ ആയുഷ് മാത്രെ, കനിഷ്‌ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവരായിരുന്നു അലി റാസയുടെ ഇരകൾ.
കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തുടക്കത്തിലേ പതറി. 14-കാരൻ വൈഭവ് സൂര്യവംശി ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ച് തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. വമ്പൻ സ്‌കോറിനു മുന്നിൽ നിലയുറപ്പിക്കാതെ തുടക്കത്തിൽ തന്നെ ടി20 ശൈലിയിൽ അടിച്ചുകളിക്കാൻ ശ്രമിച്ചതാണ് ഇന്ത്യൻ താരങ്ങൾക്ക് വിനയായത്.





+ There are no comments
Add yours