എറണാകുളം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന എഫ് ട്യൂൺ ഫെയ്സ് ക്രീം പ്രൊമോട്ട് ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ടെലിവിഷൻ താരം റെനീഷ റഹ്മാൻ. തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച താരം, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല താനെന്നും ക്രീം സ്വന്തമായി ഉപയോഗിച്ച് ഫലം കണ്ട ശേഷമാണ് പ്രൊമോഷൻ ചെയ്തതെന്നും വ്യക്തമാക്കി.
ഉപയോഗിച്ച ശേഷമാണ് പ്രൊമോഷൻ ചെയ്തത്
ഇതുവരെ സമൂഹമാധ്യമങ്ങളിൽ പ്രൊമോട്ട് ചെയ്യുകയോ റിവ്യൂ പറയുകയോ ചെയ്ത ഒരു ഉൽപ്പന്നവും ഉപയോഗിക്കാതെ പരിചയപ്പെടുത്തിയിട്ടില്ലെന്ന് റെനീഷ പറഞ്ഞു. സ്വിമ്മിംഗ് ക്ലാസിന് പോയപ്പോൾ ക്ലോറിൻ വെള്ളം കാരണം മുഖത്തുണ്ടായ ടാൻ മാറാനാണ് 14-15 ദിവസത്തിലേറെ ഈ ക്രീം ഉപയോഗിച്ചത്. നല്ല ഫലം ലഭിക്കുകയും യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്തതോടെയാണ് ആത്മവിശ്വാസത്തോടെ വീഡിയോ ചെയ്തത്. പ്രൊമോഷന് പണം വാങ്ങുന്നത് ഉപജീവനത്തിന്റെ ഭാഗമാണെന്നും എന്നാൽ അതിനായി എന്തും ചെയ്യുന്നയാളല്ല താനെന്നും റെനീഷ കൂട്ടിച്ചേർത്തു.
വാർത്ത ഞെട്ടിച്ചു; ഡോക്ടറുടെ നിർദ്ദേശം തേടണം
ഒരു വർഷം മുൻപാണ് താൻ ഈ ക്രീമിന്റെ പ്രൊമോഷൻ ചെയ്തതെന്ന് റെനീഷ വ്യക്തമാക്കി. ക്രീം ഉപയോഗിച്ച കുട്ടി ആശുപത്രിയിലായ വാർത്ത എല്ലാവരെയും പോലെ തന്നെയും വലിയതോതിൽ ഞെട്ടിച്ചു. ആ കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു. ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായതിനാൽ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും, ഏതൊരു ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദ്ദേശം തേടണമെന്നും റെനീഷ നിർദ്ദേശിച്ചു.
പ്രൊമോട്ട് ചെയ്തവർക്കെതിരെ പരാതി
അതേസമയം, മുഖകാന്തി വാഗ്ദാനം ചെയ്ത് എഫ് ട്യൂൺ ക്രീം പ്രൊമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.ടി. മുർഷിദ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.




+ There are no comments
Add yours