ഫൈസ, എഫ് ട്യൂൺ, ഗോറി: പല പേരുകളിൽ വിൽക്കുന്നത് ഒരേ ക്രീം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വ്യാപാരി, നിരോധിച്ച ക്രീമുകൾ ഇപ്പോഴും വിപണിയിൽ സുലഭം

Estimated read time 1 min read

മലപ്പുറം: അതിവേഗം മുഖകാന്തി വാഗ്ദാനം ചെയ്യുന്ന ഫൈസ, എഫ് ട്യൂൺ, ഗോറി തുടങ്ങിയ ക്രീമുകളെല്ലാം ഒന്നുതന്നെയാണെന്ന് ദീർഘകാലം ഇവ വിൽപ്പന നടത്തിയിരുന്ന കടയുടമയുടെ വെളിപ്പെടുത്തൽ. ദുബായിൽ നിന്നെത്തുന്ന ക്രീം ഹോൾസെയിലായി വാങ്ങി പല പേരുകളിലും തരത്തിലും വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തൽ. ഡ്രഗ് കൺട്രോൾ വിഭാഗം നിരോധിച്ച ഗോറി ക്രീം ഇപ്പോഴും കടകളിലും ഓൺലൈനിലും സുലഭമായി ലഭിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

നിരോധിച്ച ക്രീമുകൾ ഇപ്പോഴും സുലഭം

മുഖകാന്തി വർദ്ധിപ്പിക്കുമെന്നും ഡാർക്ക് സ്പോട്ടുകൾ അപ്രത്യക്ഷമാക്കുമെന്നും അവകാശപ്പെട്ടാണ് ഗോറി ക്രീം വിൽക്കുന്നത്. തുടക്കത്തിൽ 400 രൂപയായിരുന്ന ക്രീമിന് ഇപ്പോൾ 550 രൂപയാണ് വില. ഉപയോഗിച്ചു തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെങ്കിലും ഗുരുതരമായ വൃക്കരോഗം അടക്കമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവ ബാക്കിവെക്കുന്നത്. ഫെയ്സ് ക്രീം വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും കടകളിൽ നിന്ന് ഈ ക്രീം വളരെ എളുപ്പത്തിൽ ലഭിക്കുന്നുണ്ട്. ഓൺലൈൻ വഴിയുള്ള വിൽപ്പനയും തകൃതിയായി നടക്കുന്നു.

ഒരേ ക്രീം, പല പേരുകൾ

ദുബായ് ആസ്ഥാനമായി നിർമ്മിക്കുന്ന ‘ഫൈസ’ എന്ന ക്രീം തന്നെയാണ് തരം മാറ്റി വിവിധ പേരുകളിൽ പുറത്തിറക്കുന്നതെന്ന് 18-കാരിയെ വൃക്കരോഗിയാക്കിയ എഫ് ട്യൂൺ ദീർഘകാലം വിൽപ്പന നടത്തിയ വ്യാപാരി പറയുന്നു. ഗോറിയും എഫ് ട്യൂണുമെല്ലാം ഒന്നുതന്നെയാണ്. ക്രീമുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ പല വ്യാപാരികളും വിൽപ്പന നിർത്തിയിരുന്നു. എന്നാൽ, ലാഭം മാത്രം ലക്ഷ്യമിട്ട് ചിലർ ഇപ്പോഴും രംഗത്തുണ്ട്.

എഫ് ട്യൂൺ വിവാദം ഇത്ര വലിയ ചർച്ചയായിട്ടും കമ്പനിയുടെ ഓൺലൈൻ വിപണനം ഇപ്പോഴും സജീവമാണ്. നേരത്തേതിൽ നിന്ന് അല്പം വില കുറച്ചാണ് നിലവിൽ വിൽപ്പന നടത്തുന്നത്.

+ There are no comments

Add yours