വിക്ഷേപിച്ച് പത്താം മിനിറ്റിൽ പൊട്ടിത്തെറി; ആമസോണിന്റെ ഉപഗ്രഹ ദൗത്യം പരാജയം

Estimated read time 1 min read

ഫ്ലോറിഡ: ആമസോണിന്റെ 40 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ (ULA) ‘വൾക്കൻ’ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച് 10 മിനിറ്റിന് ശേഷമാണ് അപകടം സംഭവിച്ചത്. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിക്ക് ബദലായി ആമസോൺ ഒരുക്കുന്ന ലിയോ (LEO) ഇന്റർനെറ്റ് ശൃംഖലയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണ് റോക്കറ്റിലുണ്ടായിരുന്നത്.

ബോയിംഗിന്റെയും ലോക്ക്ഹീഡ് മാർട്ടിന്റെയും സംയുക്ത സംരംഭമായ യു.എൽ.എയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിലെ ആദ്യത്തെ വിക്ഷേപണ പരാജയമാണിത്. അപകടകാരണമെന്താണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. റോക്കറ്റിന്റെ ഒന്നാം ഘട്ടം ഉപഗ്രഹങ്ങൾ വഹിക്കുന്ന സെന്റോർ അപ്പർ സ്റ്റേജിൽ നിന്ന് വേർപെട്ടതിന് ശേഷമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

വാണിജ്യ, ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന അറ്റ്‌ലസ് 5 റോക്കറ്റുകൾക്ക് പകരമായാണ് കമ്പനി വൾക്കൻ റോക്കറ്റുകൾ അവതരിപ്പിച്ചത്. 2024-ലെ ആദ്യ വിക്ഷേപണത്തിന് ശേഷമുള്ള വൾക്കന്റെ അഞ്ചാമത്തെ ദൗത്യമായിരുന്നു ഇത്. അതേസമയം, 2025 മുതൽ ഇതുവരെ 14 വിക്ഷേപണങ്ങളിലായി 398 ലിയോ ഉപഗ്രഹങ്ങൾ ആമസോൺ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.

+ There are no comments

Add yours