ഐ.ഒ.എ തിരഞ്ഞെടുപ്പ്: പി.ടി ഉഷയുടെ നാമനിർദ്ദേശത്തിൽ ഇന്ന് സൂക്ഷ്മപരിശോധന; ചട്ടവിരുദ്ധമെന്ന് പരാതി

Estimated read time 1 min read

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പി.ടി ഉഷയ്ക്ക് ഇന്ന് നിർണായക ദിനം. സമർപ്പിക്കപ്പെട്ട നാമനിർദേശങ്ങളിന്മേലുള്ള പരാതികളിൽ വരണാധികാരി ഇന്ന് സൂക്ഷ്മപരിശോധന നടത്തും. ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി അഭിഭാഷകനുമായ അതുൽ കുമാർ നൽകിയ പരാതിയും ഇതിൽ ഉൾപ്പെടുന്നു. പരിശോധനകൾ പൂർത്തിയാക്കി നാളെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുക.

ഐ.ഒ.എ ജനറൽ അസംബ്ലിയിലേക്ക് നടന്ന ‘സ്പോർട്സ്പേഴ്സൺ ഓഫ് മെറിറ്റ്’ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷ, പിന്നീട് ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായാണ് ജനറൽ അസംബ്ലിയിൽ എത്തിയത്. ഇതിലൂടെ വീണ്ടും അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ അവർക്ക് അവസരമൊരുങ്ങുകയായിരുന്നു. എന്നാൽ, ഉഷയ്ക്ക് ഐസ് ഹോക്കി അസോസിയേഷനുമായി യാതൊരു ബന്ധവുമില്ലെന്നും, അധ്യക്ഷ പദവിയിലെത്താൻ പിൻവാതിൽ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് അതുൽ കുമാർ പരാതി നൽകിയിട്ടുള്ളത്. ഇതിനുപുറമെ, ഹാൻഡ്ബോൾ ഫെഡറേഷൻ പ്രതിനിധികളായ ഉദിത് സേത്, തർജിത് കൗർ എന്നിവരുടെ നാമനിർദ്ദേശങ്ങൾക്കെതിരെയും പരാതികളുയർന്നിട്ടുണ്ട്.

നേരത്തെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഉഷ നൽകിയ പരാതിയെത്തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി (IOC) കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഒളിമ്പിക് ചാർട്ടർ പൂർണ്ണമായും പാലിച്ച്, ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഐ.ഒ.സി ആവശ്യപ്പെട്ടത്. നിലവിലെ വിവാദങ്ങളിൽ ഐ.ഒ.സി കടുത്ത നിരാശയും രേഖപ്പെടുത്തി. അതേസമയം, ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കായിക സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥർക്കായി ഡൽഹിയിൽ പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിരുന്നു.

+ There are no comments

Add yours