തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്ങും വധഭീഷണിയും നടന്നതായി പരാതി. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് തനിക്ക് നേരിടേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പോലീസിനെ സമീപിച്ചത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശാരീരിക മർദ്ദനം; ഫോണിലെ വിവരങ്ങൾ പകർത്തി
ഹോസ്റ്റലിൽ വെച്ച് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് തന്നെ ശാരീരികമായി ആക്രമിച്ചുവെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. കഴുത്തിന് കുത്തിപ്പിടിക്കുകയും ലാപ്ടോപ്പ് വലിച്ചെറിയുകയും ചെയ്തു. ബലമായി മൊബൈൽ ഫോൺ തട്ടിയെടുത്ത് അതിലെ വിവരങ്ങൾ പകർത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. റാഗിങ് വിവരം ഹോസ്റ്റൽ സെക്രട്ടറിയെ അറിയിച്ചതോടെ അതിക്രമം വർദ്ധിച്ചു. ഹോസ്റ്റൽ മുറി ഒഴിഞ്ഞുപോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.
‘സെക്സ് റാക്കറ്റിലെ അംഗമെന്ന് വ്യാജപ്രചാരണം’
മർദ്ദനത്തിനും വധഭീഷണിക്കും പുറമെ തനിക്കെതിരെ കോളേജിലുൾപ്പെടെ പ്രതികൾ വ്യാപകമായി വ്യാജപ്രചാരണം നടത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു. താൻ സെക്സ് റാക്കറ്റിലെ അംഗമാണെന്നും മയക്കുമരുന്ന് വിൽപ്പനക്കാരനാണെന്നും (ഡ്രഗ് ഡീലർ) ഇവർ കാമ്പസിൽ പറഞ്ഞു പരത്തി. നിരന്തരമുള്ള ഇത്തരം ഉപദ്രവങ്ങൾ കാരണം പഠനം നിർത്തി പോകേണ്ട അവസ്ഥയിലാണെന്ന് വിദ്യാർത്ഥി പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.




+ There are no comments
Add yours