ചാല സ്വർണ്ണക്കവർച്ചയിൽ ട്വിസ്റ്റ്: ജ്വല്ലറി ഉടമയ്ക്ക് സ്വർണം ‘പൊട്ടിക്കൽ’ സംഘങ്ങളുമായി ബന്ധമെന്ന് സംശയം

Estimated read time 0 min read

തിരുവനന്തപുരം: ചാലയിലെ വൻ സ്വർണ്ണക്കവർച്ചയിൽ പുതിയ വെളിപ്പെടുത്തലുകൾ. പരാതിക്കാരനായ ജ്വല്ലറി ഉടമയ്ക്ക് സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന നിർണായക സൂചനകൾ പോലീസിന് ലഭിച്ചു. ഇത്തരം കവർച്ചാസംഘങ്ങൾ ഏൽപ്പിക്കുന്ന സ്വർണം ഉടമ ഉരുക്കി രൂപമാറ്റം വരുത്തി നൽകിയിരുന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത പത്തുപേരിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചത്.

ഇതോടെ സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളും, 25 വർഷമായി ചാലയിൽ ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ ഉടമ നന്ദകുമാറിനെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണത്തിൽ ജ്വല്ലറിയുടെ ഭാഗമായ ചിലർക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ച നടന്നത്. ജ്വല്ലറിയിൽ വലിയ കച്ചവടം നടന്ന ദിവസമായിരുന്നു അന്ന്. പഴയ സ്വർണം ശുദ്ധീകരിക്കുന്നതിനായി പതിവുപോലെ വീട്ടിലേക്ക് കൊണ്ടുപോകും വഴി മരക്കട എസ്.ബി.ഐ ബ്രാഞ്ചിന് സമീപത്തുവെച്ചാണ് സ്വർണമടങ്ങിയ ബാഗ് മോഷ്ടാക്കൾ തട്ടിയെടുക്കുന്നത്. രണ്ട് ഹോണ്ട ബൈക്കുകളിലായെത്തിയ മൂന്നുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ ദിവസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

പ്രതികൾ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പർ അന്വേഷണ സംഘം ട്രാക്ക് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഫോർട്ട് പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

+ There are no comments

Add yours