ചാവക്കാട്: പ്രസവശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ചാവക്കാട് താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. രോഗിയോട് വൈദ്യശാസ്ത്രപരമായ അശ്രദ്ധ കാണിച്ചെന്ന കുറ്റം ചുമത്തിയാണ് നടപടി. ചികിത്സാപ്പിഴവിനിരയായ ചാവക്കാട് സ്വദേശിനി ഫാത്തിമത്തുൽ ഷറഫിയയുടെ പരാതിയിൽ ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
43-ാം ദിവസം പഞ്ഞി പുറത്തെടുത്തു
കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു ചാവക്കാട് താലൂക്കാശുപത്രിയിൽ വെച്ച് ഫാത്തിമത്തുൽ ഷറഫിയയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി മൂന്ന് തവണ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ ഓരോ തവണയും മതിയായ പരിശോധനകൾ നടത്താതെ ഡോക്ടർമാർ മടക്കി അയച്ചു. പിന്നീട് മറ്റ് ആശുപത്രിയിൽ വെച്ച് നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ പഞ്ഞി (സർജിക്കൽ കോട്ടൺ) കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുക്കുകയായിരുന്നു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി നീക്കം ചെയ്തത്.
ഉത്തരവാദിത്തം നഴ്സുമാരുടേതെന്ന് ആശുപത്രി അധികൃതർ
ചികിത്സാപ്പിഴവിനെക്കുറിച്ച് ആശുപത്രി സൂപ്രണ്ടിനോടും ശസ്ത്രക്രിയ നടത്തിയ ഡോക്ടറോടും പരാതിപ്പെട്ടപ്പോൾ, പിഴവ് നഴ്സുമാരുടെ ഭാഗത്തുനിന്നാണെന്ന് പറഞ്ഞ് ഇവർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി യുവതിയുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്. ഗുരുതരമായ ചികിത്സാപ്പിഴവായതിനാൽ കേസിൽ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.




+ There are no comments
Add yours