ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ രാജ്യത്ത് ആദ്യമായി തടവുശിക്ഷ ലഭിച്ച സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ് കർണൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
സുപ്രീം കോടതിയോട് ഏറ്റുമുട്ടിയ ന്യായാധിപൻ
മദ്രാസ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് സഹജഡ്ജിമാർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് രംഗത്തെത്തിയതോടെയാണ് അദ്ദേഹം വാർത്തകളിൽ ശ്രദ്ധേയനായത്. 2016-ൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും സ്വന്തം സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹം തന്നെ സ്റ്റേ ചെയ്തത് അന്ന് വലിയ വിവാദമായിരുന്നു. തുടർന്ന് 2017-ൽ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ ഉൾപ്പെടെ അഴിമതി ആരോപണങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സുപ്രീം കോടതി ഇദ്ദേഹത്തിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു.
ചരിത്രത്തിലാദ്യമായി സിറ്റിംഗ് ജഡ്ജിക്ക് ജയിൽ ശിക്ഷ
2017 മെയ് 9-നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് സി.എസ് കർണനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇതോടെ രാജ്യത്ത് കോടതിയലക്ഷ്യത്തിന് തടവുശിക്ഷ ലഭിക്കുന്ന ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം മാറി. വിധിക്കുപിന്നാലെ ഒളിവിൽ പോയ അദ്ദേഹത്തെ, സർവീസിൽ നിന്ന് വിരമിച്ച ശേഷം ജൂൺ 12-ന് കോയമ്പത്തൂരിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജയിൽ മോചനവും രാഷ്ട്രീയ പ്രവേശനവും
ആറ് മാസത്തെ ജയിൽവാസത്തിന് ശേഷം 2017 ഡിസംബറിൽ പുറത്തിറങ്ങിയ കർണൻ 2018-ൽ പുതിയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലും സജീവമായി. 2020-ൽ ജഡ്ജിമാർക്കും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ വീണ്ടും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
1955-ൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കർണത്തം ഗ്രാമത്തിൽ ജനിച്ച അദ്ദേഹം, 1983-ൽ മദ്രാസ് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ കർണൻ, 2011 മാർച്ചിലാണ് സ്ഥിരം ജഡ്ജിയായത്.




+ There are no comments
Add yours