ശബരിമല നെയ്യ് ക്രമക്കേട്: നെയ്യ് വാങ്ങിയ രണ്ടുപേർ കൂടി അറസ്റ്റിൽ; മിൽമയുമായുള്ള കരാറിൽ ഇന്ന് തീരുമാനമായേക്കും

Estimated read time 1 min read

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് അനധികൃതമായി വാങ്ങിയ വെങ്കിടേശ്വരൻ, കുമരൻ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമലയിലെ നെയ്യാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ ഇത് വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ നാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അതേസമയം, നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ, പകരം മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനായി ദേവസ്വം ബോർഡ് വിജിലൻസിന്റെ ക്ലിയറൻസ് തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് ഉടൻ മറുപടി നൽകും. മണ്ഡല-മകരവിളക്ക് സീസണിലേക്ക് 50,000 ലിറ്റർ നെയ്യ് ആവശ്യമുണ്ട്. നിലവിൽ സന്നിധാനത്ത് 10,000 ലിറ്റർ നെയ്യ് മാത്രമാണ് സ്റ്റോക്കുള്ളത്.

ദേവസ്വം ബോർഡിന് നൽകുന്ന നെയ്യുടെ വില സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വ്യക്തമാക്കി. മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത് ലാഭമുണ്ടാക്കാൻ മിൽമ ലക്ഷ്യമിടുന്നില്ല. ബോർഡ് ആദ്യം 50,000 ലിറ്റർ നെയ്യ് ഒറ്റയടിക്ക് ആവശ്യപ്പെട്ടെങ്കിലും, പിന്നീട് അടിയന്തരമായി 10,000 ലിറ്ററും ബാക്കി 40,000 ലിറ്റർ പിന്നാലെയും വാങ്ങാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours