ട്രെയിൻ യാത്രകളില്‍ കണ്‍ഫേം ടിക്കറ്റ് ലഭിക്കുക എന്നത് വലിയൊരു ആശ്വാസമാണെങ്കിലും ചില അശ്രദ്ധകള്‍ കാരണം ആ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണം…

Estimated read time 0 min read

ട്രെയിൻ യാത്രകളില്‍ കണ്‍ഫേം ടിക്കറ്റ് ലഭിക്കുക എന്നത് വലിയൊരു ആശ്വാസമാണെങ്കിലും ചില അശ്രദ്ധകള്‍ കാരണം ആ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണം.ഇന്ത്യൻ റെയില്‍വേയുടെ ‘നോട്ട് ടേണ്‍ഡ് അപ്’ എന്ന നടപടിക്രമമാണ് ഇതിന് പിന്നിലുള്ളത്. ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ബോർഡിങ് സ്റ്റേഷനില്‍ നിന്ന് യാത്രക്കാരൻ ട്രെയിനില്‍ കയറാതിരിക്കുകയോ, ടിക്കറ്റ് പരിശോധനാ സമയത്ത് അനുവദിച്ച സീറ്റില്‍ യാത്രക്കാരനെ കണ്ടെത്താൻ കഴിയാതിരിക്കുകയോ ചെയ്താല്‍ ടിടിഇക്ക് ആ വ്യക്തിയെ ‘നോട്ട് ടേണ്‍ഡ് അപ്’ ആയി രേഖപ്പെടുത്താൻ സാധിക്കും. ഇത്തരത്തില്‍ ഒഴിവുവരുന്ന സീറ്റുകള്‍ പിന്നീട് ആർഎസി അല്ലെങ്കില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള അർഹരായ മറ്റ് യാത്രക്കാർക്ക് കൈമാറാൻ റെയില്‍വേ നിയമം അനുവദിക്കുന്നുണ്ട്.

കണ്‍ഫേം സീറ്റ് നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ കൃത്യസമയത്ത് തന്നെ തങ്ങളുടെ ബോർഡിങ് സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്നുതന്നെ യാത്ര ആരംഭിക്കുകയും വേണം. അവസാന നിമിഷമുള്ള ഓട്ടപ്പാച്ചില്‍ ഒഴിവാക്കുന്നത് ട്രെയിൻ നഷ്ടപ്പെടുന്നതും സീറ്റ് ഒഴിവുള്ളതായി രേഖപ്പെടുത്തുന്നതും തടയാൻ സഹായിക്കും. ഇനി ടിക്കറ്റില്‍ രേഖപ്പെടുത്തിയ സ്റ്റേഷന് പകരം മറ്റൊരു സ്റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കില്‍, റെയില്‍വേ ചട്ടങ്ങള്‍ പ്രകാരം മുൻകൂട്ടി തന്നെ ബോർഡിങ് സ്റ്റേഷൻ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിശ്ചിത സ്റ്റേഷനില്‍ യാത്രക്കാരൻ എത്തിയില്ലെന്ന് കണക്കാക്കി സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനുള്ള സാധ്യത കൂടുതലാണ്.യാത്രയ്ക്കിടെ മറ്റൊരു കോച്ചിലുള്ള സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണാൻ പോകുന്നതും പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്. ടിടിഇ പരിശോധനയ്ക്ക് എത്തുന്ന സമയത്ത് സ്വന്തം സീറ്റില്‍ യാത്രക്കാരനെ കണ്ടില്ലെങ്കില്‍ അത് സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം. അതിനാല്‍ താല്‍ക്കാലികമായി മറ്റൊരു സീറ്റിലേക്കോ കോച്ചിലേക്കോ മാറേണ്ട സാഹചര്യം ഉണ്ടായാല്‍ ആ വിവരം കൃത്യമായി ടിടിഇയെ അറിയിക്കേണ്ടതാണ്. എന്നാല്‍ സീറ്റില്‍ ആളില്ലെന്ന് കണ്ടാലുടൻ ടിടിഇ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും റെയില്‍വേയുടെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് സീറ്റ് ഒഴിവുള്ളതായി രേഖപ്പെടുത്തുന്നതെന്നും യാത്രക്കാർ മനസ്സിലാക്കണം.

ടിക്കറ്റ് കണ്‍ഫേമായതുകൊണ്ട് മാത്രം യാത്ര സുരക്ഷിതമായി എന്ന് കരുതി അശ്രദ്ധ കാണിക്കരുതെന്നാണ് റെയില്‍വേ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ടിക്കറ്റിലെ കോച്ച്‌, സീറ്റ് നമ്പർ, ബോർഡിങ് സ്റ്റേഷൻ എന്നിവ കൃത്യമായി പരിശോധിച്ച്‌ ഉറപ്പുവരുത്തണം. ബോർഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഔദ്യോഗിക നിയമങ്ങളും മുൻകൂട്ടി മനസ്സിലാക്കുന്നത് അവസാന നിമിഷമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. യാത്രയ്ക്കിടയില്‍ സീറ്റിനെക്കുറിച്ച്‌ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടായാല്‍ ഉടൻ തന്നെ ടിടിഇയുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതാണ് എപ്പോഴും ഉചിതം.

+ There are no comments

Add yours