എൽ.പി.എസ്.ടി സമരം: പന്തൽ കെട്ടിയ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസ്; അനിശ്ചിതകാല നിരാഹാരവുമായി സി.ജെ.പി

Estimated read time 1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തൽ കെട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ.എസ് ലിജു, പ്രസിഡൻ്റ് വി.എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് കേസ്. അനധികൃതമായി സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും, പന്തൽ കെട്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഇന്നലെ പോലീസ് സമരപ്പന്തൽ ബലമായി പൊളിച്ചുനീക്കിയതിന് പിന്നാലെ ഡിവൈഎഫ്ഐ പുതിയ താൽക്കാലിക പന്തൽ നിർമ്മിച്ച് നൽകിയിരുന്നു.

പോലീസ് നടപടിയുണ്ടായെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗാർഥികൾ. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ വളർമതിക്ക് പകരം എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തിരിക്കുകയാണ്. പന്തൽ പൊളിച്ച പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകാനാണ് സാധ്യത.

അതേസമയം, ഉദ്യോഗാർഥികൾക്ക് പൂർണ്ണ പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടിയും (CJP) രംഗത്തെത്തി. സമരക്കാരുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി കേരള ഘടകം ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. നേരത്തെയും റാങ്ക് ഹോൾഡർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ജെ.പി പ്രവർത്തകർ 12 മണിക്കൂർ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു.

+ There are no comments

Add yours