തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിനും കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടക്കുന്ന സമയത്ത് ഉമർ സ്വന്തം വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനും അതുവഴി അന്വേഷണത്തെ വഴിതെറ്റിക്കാനും ഇരുവരും ചേർന്ന് ബോധപൂർവം ശ്രമിച്ചിരുന്നു. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും, കൊലപാതകം നടന്ന് കൃത്യം പൂർത്തിയാകുന്നത് വരെ ഈ ഫോൺ സംഭാഷണം തുടരുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിലെ പ്രതിയായ ഉമർ നേരത്തെ ഗുണ്ടാ നിയമപ്രകാരം (കാപ്പ) ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. കൂടാതെ കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ നേരത്തെ ഒരു മോഷണക്കേസിലും പ്രതിയായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




+ There are no comments
Add yours