‘പീക്ക് സമയത്ത് 738 മെഗാവാട്ടിന്റെ കുറവ്, നവംബറിൽ ലോഡ്‌ഷെഡിംഗിന് സാധ്യത’; പ്രതിസന്ധിക്ക് കാരണം അസാധാരണ ഉപയോഗമെന്ന് മന്ത്രി സണ്ണി ജോസഫ്

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻപൊന്നുമില്ലാത്ത വിധം വൈദ്യുതി ഉപയോഗം അസാധാരണമായി വർദ്ധിച്ചതാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ സർക്കാർ തുടരുകയാണ്. എന്നാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടി വരുന്നത് വലിയ തിരിച്ചടിയാണെന്നും മന്ത്രി വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽ നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നുണ്ട്. നിലവിൽ ഹിമാചലിൽ നിന്നാണ് കേരളത്തിന് കൂടുതലായി വൈദ്യുതി ലഭിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചീഫ് സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, നിലവിലെ വൈദ്യുതി പ്രതിസന്ധി കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും ഉള്ളതാണെന്നും മന്ത്രി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

നവംബറിൽ ലോഡ്‌ഷെഡിംഗിന് സാധ്യത

അതേസമയം, വരും മാസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച കരാർ അനിശ്ചിതത്വത്തിലായതിനാൽ നവംബർ മുതൽ സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിംഗിനോ മറ്റ് വൈദ്യുതി നിയന്ത്രണങ്ങൾക്കോ സാധ്യതയേറെയാണ്. കരാർ സംബന്ധിച്ച തീരുമാനം കൃത്യസമയത്ത് അറിയിക്കാൻ കഴിയാതിരുന്നതാണ് ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ പ്രതികൂലമായി ബാധിച്ചത്.

നിലവിൽ പീക്ക് സമയങ്ങളിൽ 738 മെഗാവാട്ടിന്റെ വലിയ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സമഗ്രമായ ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും, തത്സമയ വിപണിയിൽ നിന്ന് അടിയന്തരമായി ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാം.

+ There are no comments

Add yours