വ്യവസായ വികസനത്തിന്റെ മറവിൽ ഭൂമാഫിയയെ സഹായിക്കാൻ ‘സരൾ ബിൽ’; സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ വൻ പ്രതിഷേധം

Estimated read time 1 min read

വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അതിവേഗം അനുമതികൾ ലഭ്യമാക്കാനെന്ന പേരിൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ‘സരൾ ബില്ലി’നെതിരെ വ്യാപക വിമർശനം. വ്യവസായ വികസനമെന്ന വ്യാജേന ഭൂമാഫിയയെയും റിയൽ എസ്റ്റേറ്റ് ലോബികളെയും സഹായിക്കുന്ന ജനവിരുദ്ധ നിയമമാണിതെന്നാണ് പ്രധാന ആക്ഷേപം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പൂർണ്ണമായും അട്ടിമറിക്കപ്പെടും. ലൈസൻസുകൾക്കും കെട്ടിട നിർമ്മാണ അനുമതികൾക്കുമുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മാറ്റി പൂർണ്ണമായും ഉദ്യോഗസ്ഥ സമിതികൾക്ക് നൽകാനാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാന-ജില്ലാ തലങ്ങളിൽ രൂപീകരിക്കുന്ന ഈ സമിതികളിൽ ഒരു ജനപ്രതിനിധി പോലുമുണ്ടാകില്ലെന്നതും, ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥകളില്ലെന്നതും കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ, കടുത്ത പരിസ്ഥിതി വിരുദ്ധ വ്യവസ്ഥകളും ബില്ലിലുണ്ട്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങളെ നോക്കുകുത്തിയാക്കി ഇഷ്ടാനുസരണം ഭൂമി തരംമാറ്റാനും, വൻകിടക്കാർക്ക് യഥേഷ്ടം ഭൂഗർഭജലം ഊറ്റിയെടുക്കാനും പുതിയ നിയമം അവസരമൊരുക്കും. ഇതോടെ സാധാരണക്കാരുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യമുണ്ടാകും. അപകടകരമായ രാസമാലിന്യങ്ങൾ പുറന്തള്ളിയാലും, ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകളുണ്ടായാലും സർക്കാരിന് ഇടപെടാനോ കർശന നടപടിയെടുക്കാനോ പുതിയ നിയമത്തിൽ വകുപ്പുകളില്ല.

വ്യവസായങ്ങൾക്കായി സംസ്ഥാനത്ത് നിലവിൽ ഏകജാലക സംവിധാന നിയമം ഉള്ളപ്പോഴാണ് ഇതിന് സമാന്തരമായി മറ്റൊരു നിയമം കൂടി കൊണ്ടുവരുന്നത്. ഇത് കേവലം വൻകിട വ്യവസായ ലോബികളെ സഹായിക്കാൻ മാത്രമുള്ളതാണെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന വിമർശനം.

+ There are no comments

Add yours