‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ, ഒരു വളഞ്ഞിട്ടാക്രമണത്തിനും പാർട്ടിയുമില്ല’; സൈബർ അധിക്ഷേപങ്ങളെ തള്ളി എം.വി. ഗോവിന്ദൻ

Estimated read time 1 min read

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി സി.പി.ഐ.എം (CPIM) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടിയെന്നും, അദ്ദേഹത്തിനെതിരായ സൈബർ ആക്രമണങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ ഒരു വളഞ്ഞിട്ടാക്രമണത്തിനും സി.പി.ഐ.എം ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

കലാകാരൻ എന്ന നിലയിൽ മമ്മൂട്ടിക്കുള്ള അംഗീകാരം വളരെ വലുതാണ്. സർക്കാരിനോടും ഇടതുപക്ഷത്തിനോടും വിയോജിപ്പുള്ളവരെ പോലും നേരിൽക്കണ്ട് സംസാരിക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്. ഇടതുപക്ഷത്തിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെ തികച്ചും ക്രിയാത്മകമായിട്ടാണ് പാർട്ടി കാണുന്നത്. യോജിപ്പുള്ളവരും ഇല്ലാത്തവരുമായ പതിനായിരക്കണക്കിന് ആളുകളുമായി നല്ല രീതിയിൽ സംവദിക്കാൻ കഴിയണമെന്നാണ് സി.പി.ഐ.എം എക്കാലത്തും സ്വീകരിക്കുന്ന സമീപനം.

എസ്.എഫ്.ഐ (SFI), ഡി.വൈ.എഫ്.ഐ (DYFI) ഉൾപ്പെടെയുള്ള വിദ്യാർത്ഥി – യുവജന സംഘടനകൾ ഇന്ത്യയിലുടനീളം വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ അവരുമായി സംസാരിക്കാനും ചർച്ച ചെയ്യാനും മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചാൽ അതിനെ സ്വാഗതം ചെയ്യുക തന്നെ ചെയ്യും. മമ്മൂട്ടി ഉൾപ്പെടെ സമൂഹത്തിലെ എല്ലാവരുമായും നല്ല രീതിയിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. അല്ലാതെ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ.എമ്മിന് യാതൊരു താത്പര്യവുമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours