ചോറിനും കഞ്ഞിക്കും കിടിലൻ കോമ്പിനേഷൻ; സമൂഹമാധ്യമങ്ങളിൽ വൈറലായ ‘ചിക്കൻ പൊടി’ എളുപ്പത്തിൽ തയ്യാറാക്കാം, ഒപ്പം കേടുകൂടാതെ സൂക്ഷിക്കാനുള്ള 5 ടിപ്സും

Estimated read time 1 min read

ഹോസ്റ്റൽ ഭക്ഷണം കഴിച്ച് മടുത്തവർക്കും, ചോറിനൊപ്പം എളുപ്പത്തിൽ കഴിക്കാൻ സ്വാദിഷ്ടമായ ഒരു വിഭവം അന്വേഷിക്കുന്നവർക്കും തീർച്ചയായും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പിയാണ് ‘ചിക്കൻ പൊടി’. ചോറിന് മാത്രമല്ല, കഞ്ഞിക്കും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ കഴിയുന്ന ഈ വിഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വലിയ ഹിറ്റാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് തയ്യാറാക്കിയെടുക്കാം.

തയ്യാറാക്കുന്ന വിധം:

ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പ്, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത ശേഷം എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക. ഇതേ എണ്ണയിൽ തന്നെ സവാള, വെളുത്തുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവയും വറുത്തെടുക്കണം. ശേഷം വറുത്തുവെച്ചവയെല്ലാം മിക്സിയിലിട്ട് അതിലേക്ക് ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി ഒരു പാനിലിട്ട് ഒന്നുകൂടി റോസ്റ്റ് ചെയ്തെടുത്താൽ രുചികരമായ ചിക്കൻ പൊടി റെഡി. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിൽ അടച്ചുസൂക്ഷിക്കാം. ഉപയോഗിക്കുമ്പോൾ നനവില്ലാത്ത സ്പൂൺ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പെട്ടെന്ന് കേടാകാതിരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം:

  • 1. ഡീപ്പ് ഫ്രൈ നിർബന്ധം: ചിക്കൻ കേവലം ഷാലോ ഫ്രൈ ചെയ്താൽ പൊടി പെട്ടെന്ന് കേടാകും. അതിനാൽ ചിക്കൻ കഷണങ്ങൾ നന്നായി മൊരിഞ്ഞ് കട്ടിയാകുന്നതുവരെ (Rock hard) ഡീപ്പ് ഫ്രൈ ചെയ്തെടുക്കണം.
  • 2. ഉള്ളിയും വെളുത്തുള്ളിയും പാകത്തിന്: സവാള കരിയാതെ തന്നെ നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം. വെളുത്തുള്ളി വലുതാണെങ്കിൽ മുറിച്ചിട്ട് വറുക്കുക. ഇതിന്റെ ഉളളിൽ വേവാതിരുന്നാൽ പൊടി പെട്ടെന്ന് കേടാകാൻ കാരണമാകും.
  • 3. പ്രത്യേകം വറുക്കുക: വറ്റൽ മുളകും കറിവേപ്പിലയും മറ്റ് ചേരുവകൾക്കൊപ്പം ഇടാതെ, വെവ്വേറെ വറുത്ത് കോരി മാറ്റി വെക്കുന്നതാണ് കൂടുതൽ നല്ലത്.
  • 4. വെള്ളത്തിന്റെ അംശം പാടില്ല: ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊടിക്കാൻ ഉപയോഗിക്കുന്ന മിക്സിയുടെ ജാറിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകാൻ പാടില്ല. നന്നായി തുടച്ച് ഉണക്കിയ ജാറിൽ മാത്രം ചിക്കനും കൂടും പൊടിച്ചെടുക്കുക.
  • 5. അവസാനത്തെ റോസ്റ്റിംഗ്: എല്ലാം പൊടിച്ചെടുത്ത ശേഷം വീണ്ടും ഒരു പാനിലിട്ട് നന്നായി റോസ്റ്റ് ചെയ്യുന്നത് പൊടിയിൽ അവശേഷിക്കുന്ന ഈർപ്പം പൂർണ്ണമായും മാറ്റാൻ സഹായിക്കും. അപ്പോൾ തന്നെ ഉപയോഗിച്ച് തീർക്കുന്നവർക്ക് ഈ സ്റ്റെപ്പ് ഒഴിവാക്കാവുന്നതാണ്.

+ There are no comments

Add yours