ന്യൂഡൽഹി: സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരായ എല്ലാ പോരാട്ടങ്ങളിലും സി.ജെ.പി (CJP) ഒപ്പമുണ്ടാകുമെന്ന് സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ. സാഹിൽ വാകോഡെ കേസ്, ജാമിയ സമരം, കേരളത്തിലെ അധ്യാപക സമരം തുടങ്ങിയ വിഷയങ്ങളിൽ സി.ജെ.പി പ്രതികരിക്കുന്നില്ല എന്ന സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. ജാമിയ മില്ലിയ വിദ്യാർത്ഥി സമരം, ഭീമാശങ്കർ വിഷയം, കേരളത്തിലെ അധ്യാപക സമരം എന്നിവയിലടക്കം സംഘടന പൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.ജെ.പി രൂപീകരിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, വലിയ വിഭവ പരിമിതികൾക്കിടയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കും സഹപ്രവർത്തകർക്കും ജയിലിൽ കിടക്കേണ്ടി വന്നു. നൂറുകണക്കിന് പ്രവർത്തകരെയാണ് പോലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും അവർക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയും ചെയ്തത്. എന്നാൽ ഭരണകൂടത്തിന്റെ ഇത്തരം നിരന്തരമായ വേട്ടയാടലുകൾക്കിടയിലും നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിലും അദ്ദേഹം സംഘടനയുടെ നിലപാട് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തുവെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശ്വാസ്യത അദ്ദേഹത്തിന് പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. അതിനാൽ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും തങ്ങൾ പിന്തുണയ്ക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. എന്നാൽ ലക്ഷ്യം ഒന്നായതുകൊണ്ട് തന്നെ ഇന്ത്യാ സഖ്യത്തെ തങ്ങൾ എതിർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours