തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി റെഗുലേറ്ററി കമ്മിഷന്റെ സുപ്രധാന തീരുമാനം. അടുത്ത വർഷം മാർച്ച് മുപ്പത് വരെ ഹ്രസ്വകാല കരാറിലൂടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് (KSEB) റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.
മൂന്ന് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.
യൂണിറ്റിന് 10 രൂപ വരെ നൽകാം എന്ന കമ്മിഷന്റെ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിലാകും കരാർ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. അതേസമയം, 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നൽകി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ തള്ളി. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഹ്രസ്വകാല കരാറുകൾ മാത്രമാണ് ഇപ്പോൾ കമ്മിഷൻ അനുവദിച്ചിട്ടുള്ളത്.




+ There are no comments
Add yours