‘ഗ്യാനേഷ് കുമാർ രാജിവെച്ചാൽ സമരം 30 സെക്കൻഡിൽ നിർത്താം’; ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം, പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാൽ

Estimated read time 1 min read

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നടത്താനിരുന്ന ‘മോക്ക് ഇംപീച്ച്‌മെന്റിന്’ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. അശോക ഹോട്ടലിലും രാംലീലാ മൈതാനത്തും പരിപാടി നടത്താനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങളെ തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, ഇത്തരം തടസ്സങ്ങൾ സൃഷ്ടിച്ചാലും അതിൽ തളർന്ന് പിന്മാറില്ലെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പ്രതികരിച്ചു.

കോൺഗ്രസോ ഇന്ത്യാ സഖ്യമോ പബ്ലിക് ഇംപീച്ച്‌മെന്റ് നടത്താൻ പാടില്ലെന്നത് ബി.ജെ.പിയുടെ രാഷ്ട്രീയക്കളികളാണ്. പ്രതിഷേധങ്ങളെ തടയാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒന്നാം തീയതി ഇന്ത്യ കണ്ട ഏറ്റവും വലിയ റാലിയാണ് നടക്കാൻ പോകുന്നതെന്നും ഇത്തരം വിലക്കുകളെ ഭയപ്പെടുന്നവരല്ല തങ്ങളെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

അതിനിടെ, ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി നഗരത്തിലെ വ്യാപാരത്തെയും ജനജീവിതത്തെയും ബാധിക്കുമെന്നതിനാൽ പരിപാടി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരി വ്യവസായി സംഘടനകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നാണ് ഇതിനോട് വേണുഗോപാൽ പ്രതികരിച്ചത്. നാട്ടിൽ ജനാധിപത്യമില്ലെങ്കിൽ പിന്നെ എന്ത് വ്യാപാരവും രാഷ്ട്രീയവുമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കാൻ തയ്യാറായാൽ വെറും 30 സെക്കൻഡുകൊണ്ട് സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പിയും ശക്തമായി രംഗത്തിറങ്ങുകയാണ്. നവംബർ ഒന്നു മുതൽ രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടികളും പദയാത്രകളും സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തിക്കൊണ്ടാകും പ്രതിപക്ഷത്തിനെതിരായ ബി.ജെ.പിയുടെ ഈ പ്രതിരോധ ക്യാമ്പയിൻ.

+ There are no comments

Add yours