പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി ധോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ജനിച്ചയുടൻ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. വിളർച്ചയാണ് (അനീമിയ) മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അട്ടപ്പാടിയിൽ ശിശുമരണ നിരക്ക് വീണ്ടും ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ മാസം മാത്രം അട്ടപ്പാടിയിൽ മരിക്കുന്ന മൂന്നാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ ദിവസം വടക്കോട്ടത്തറ സ്വദേശികളായ മുരുകേശ് – ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമുള്ള ആൺകുട്ടി മരിച്ചിരുന്നു. ഇതിന് മുൻപ് ഷോളയൂർ വെച്ചുപതി ഊരിലെ ജ്യോതിമണി – ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞും ഈ മാസം 21-ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു.
തുടർച്ചയായുണ്ടാകുന്ന ഈ ശിശുമരണങ്ങൾക്ക് പ്രധാന കാരണം പോഷകാഹാരക്കുറവാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അട്ടപ്പാടിയിലെ നിലവിലെ ഗുരുതര സാഹചര്യത്തെക്കുറിച്ച് അടിയന്തരമായി ഒരു വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയരുകയാണ്.




+ There are no comments
Add yours