സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴു; പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Estimated read time 0 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്ന് രാവിലെ വിതരണം ചെയ്ത പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടത്. തുടർന്ന് രക്ഷിതാക്കൾ പരാതി ഉന്നയിക്കുകയായിരുന്നു. ഇന്നലെ മേളയ്ക്കെത്തിയ കുട്ടികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്ന വലിയ പരാതി ഉയർന്നതിന് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണവും വന്നിരിക്കുന്നത്.

അതേസമയം, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർ കായികമേളയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും, അല്ലാതെ ചെറിയ പരാതികൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു കായികമേള നടക്കുമ്പോൾ സ്വാഭാവികമായും ചെറിയ പോരായ്മകളുണ്ടാകാമെന്നും അത് പരമാവധി വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഭക്ഷണവിതരണത്തിലടക്കം ഉണ്ടായ ചെറിയ പിഴവുകൾ ഇന്ന് പൂർണ്ണമായും പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് രണ്ടായിരത്തിലധികം പേർക്ക് അധികമായി ഭക്ഷണം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ കൃത്യമായി കാർഡ് ഉപയോഗിച്ച് മാത്രമേ ഭക്ഷണം നൽകുകയുള്ളൂ. ഭക്ഷണശാലയ്ക്ക് പുറത്ത് കുട്ടികൾക്ക് വെയിലേൽക്കാതിരിക്കാൻ തണലൊരുക്കാനും, ലൈറ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും നടപടിയെടുത്തിട്ടുണ്ട്. സംഘാടന പ്രവർത്തനങ്ങളെല്ലാം താൻ നേരിട്ട് കണ്ട് വിലയിരുത്തുന്നുണ്ടെന്നും, മാധ്യമപ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours