അന്ന് ഹാച്ചിക്കോ, ഇന്ന് മാർട്ടിൻ; മരിച്ചുപോയ ഉടമയെ കാത്ത് 8 വർഷമായി ആശുപത്രിക്ക് മുന്നിൽ ഒരു കോഴി

Estimated read time 1 min read

മരിച്ചുപോയ യജമാനനെ കാത്ത് ഒൻപത് വർഷത്തോളം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ‘ഹാച്ചിക്കോ’ എന്ന നായയുടെ കഥ ലോകത്തിന് സുപരിചിതമാണ്. സമാനമായ രീതിയിൽ, തന്റെ പ്രിയപ്പെട്ട ഉടമയെ കാത്ത് എട്ട് വർഷമായി ഒരു ആശുപത്രിക്ക് പുറത്ത് കഴിയുന്ന ‘മാർട്ടിൻ’ എന്ന കോഴിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മെക്സിക്കൻ വാർത്താ ചാനലായ എഡിഎൻ നോട്ടിഷ്യസാണ് ബൊളീവിയയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ വാർത്ത പുറത്തുവിട്ടത്. സാന്താക്രൂസിലെ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ ബൊളീവിയ എന്ന കാൻസർ ആശുപത്രിക്ക് പുറത്താണ് മാർട്ടിന്റെ കാത്തിരിപ്പ്. എട്ട് വർഷങ്ങൾക്ക് മുൻപ് മാർട്ടിന്റെ ഉടമ കാൻസർ ചികിത്സയ്ക്കായി ഈ ആശുപത്രിയിൽ എത്തുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. എന്നാൽ തന്റെ യജമാനൻ മരിച്ചതറിയാതെ, അദ്ദേഹം തിരികെ വരുമെന്ന പ്രതീക്ഷയിൽ ആശുപത്രിക്ക് പുറത്തെ മരങ്ങളിൽ കൂടുകൂട്ടിയും പരിസരത്ത് ചുറ്റിത്തിരിഞ്ഞുമാണ് കഴിഞ്ഞ എട്ട് വർഷമായി മാർട്ടിൻ ജീവിക്കുന്നത്. ഇതോടെ ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ഈ കോഴി സുപരിചിതനായി മാറി.

ജപ്പാനിലെ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഹിഡസ്ബ്യൂറോ യൂനോയുടെ മരണശേഷം ഒൻപത് വർഷമാണ് അദ്ദേഹത്തിന്റെ വളർത്തുനായയായ ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നത്. ലോകത്തെ മുഴുവൻ കണ്ണീരണിയിച്ച ആ വിശ്വസ്തതയുടെ കഥയെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ബൊളീവിയയിൽ നിന്നുള്ള മാർട്ടിന്റെ കാത്തിരിപ്പും.

+ There are no comments

Add yours