75-ാം വയസ്സിലും വിസ്മയിപ്പിച്ച് സൂപ്പർസ്റ്റാർ; പാലും പഞ്ചസാരയും ഒഴിവാക്കും, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വെളിപ്പെടുത്തി നടി മിർണ മേനോൻ

Estimated read time 1 min read

ചെന്നൈ: അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സാമ്രാജ്യം തീർത്ത അതുല്യ പ്രതിഭയാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ആക്ഷൻ രംഗങ്ങൾ ചെയ്ത് അദ്ദേഹം ആരാധകരെ അമ്പരപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജയിലർ 2’ തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുന്ന പശ്ചാത്തലത്തിൽ താരത്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി മിർണ മേനോനാണ് രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. കൃത്യമായ വ്യായാമത്തോടെയാണ് അദ്ദേഹം ഓരോ ദിവസവും ആരംഭിക്കുന്നതെന്ന് നടി പറയുന്നു. യാത്രകളിലും മറ്റും ജിം സൗകര്യം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, താമസിക്കുന്ന മുറിയിൽ തന്നെ അദ്ദേഹം വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ട്. വ്യായാമത്തിന് പുറമെ നീന്തലും അദ്ദേഹം ദിനചര്യയുടെ അവിഭാജ്യ ഭാഗമാക്കിയിട്ടുണ്ട്.

ഭക്ഷണകാര്യത്തിലും സൂപ്പർസ്റ്റാറിന് കർശനമായ ചില ചിട്ടകളുണ്ട്. അമിതമായി എണ്ണയും എരിവുമുള്ള ഭക്ഷണങ്ങൾ അദ്ദേഹം ഒഴിവാക്കാറാണ് പതിവ്. ഇതിന് പുറമെ പാലും പഞ്ചസാരയും തൈരും തന്റെ ഭക്ഷണത്തിൽ അദ്ദേഹം ഉൾപ്പെടുത്താറില്ലെന്നും മിർണ മേനോൻ വ്യക്തമാക്കി. സമാനതകളില്ലാത്ത ഈ ചിട്ടകളാണ് പ്രായത്തെ വെല്ലുന്ന രജനീകാന്തിന്റെ ഈ ഊർജ്ജത്തിന് പിന്നിലെന്നാണ് ആരാധകർ പറയുന്നത്.

+ There are no comments

Add yours