ന്യൂഡൽഹി: സമാധാനത്തിനുള്ള നോബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധ നവനീതം നവി പിള്ളയെ അഭിനന്ദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. നോബേൽ നേട്ടം സ്വന്തമാക്കി ആറ് ദിവസമായിട്ടും അവരുടെ പൂർവ്വികരുടെ നാടായ ഇന്ത്യയിലെ സർക്കാർ ഒരു വാക്കുപോലും മിണ്ടാത്തത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ഇത്രയും സങ്കുചിതമായ തീരുമാനമെടുത്തവർക്ക് ലജ്ജ തോന്നണമെന്നും അദ്ദേഹം വ്യക്തമാക്കി.
നവി പിള്ളയുടെ ഔദ്യോഗിക ജീവിതവും അവർ നേരിട്ട പ്രതിസന്ധികളും വിവരിക്കുന്ന ഒരു എ.ഐ വീഡിയോയും തരൂർ തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ നിന്നുള്ള ഇവരുടെ പൂർവികർ 130 വർഷം മുമ്പാണ് ആദ്യം ശ്രീലങ്കയിലേക്കും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും പലായനം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ നോബേൽ പുരസ്കാര നേട്ടം ദിണ്ടിഗല്ലിലുള്ള കുടുംബാംഗങ്ങൾ ആഘോഷമാക്കിയത് വലിയ വാർത്തയായിരുന്നു.
1941-ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച നവി പിള്ള, കടുത്ത ദാരിദ്ര്യവും വർണ്ണവിവേചനവും അതിജീവിച്ചാണ് നിയമരംഗത്ത് ശ്രദ്ധേയയാകുന്നത്. ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അവർ, വർണ്ണവിവേചന വിരുദ്ധ പ്രവർത്തകർക്ക് വേണ്ടി കോടതികളിൽ ശക്തമായി വാദിച്ചിരുന്നു. 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിൽ നിയമിതയാകുന്ന ആദ്യത്തെ വെളുത്ത വർഗ്ഗക്കാരിയല്ലാത്ത വനിത എന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കി.
പിന്നീട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും അവർ സേവനമനുഷ്ഠിച്ചു. ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും വംശഹത്യയുടെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കുന്ന ചരിത്രപരമായ 1998-ലെ ‘അകായേസു വിധി’ പുറപ്പെടുവിക്കുന്നതിൽ അവർ വഹിച്ച പങ്ക് നിർണ്ണായകമാണ്. സമാധാനവും അന്താരാഷ്ട്ര നിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ഈ നിരന്തര ശ്രമങ്ങളെ മുൻനിർത്തിയാണ് നോർവീജിയൻ നോബേൽ കമ്മിറ്റി അവരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.





+ There are no comments
Add yours