തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചറുകൾ വാങ്ങിയതിലെ വൻ ക്രമക്കേടുകളിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ ധനകാര്യ വകുപ്പിന്റെ അന്വേഷണം മാത്രം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രി നേരിട്ട് വിജിലൻസ് അന്വേഷണത്തിന് കർശന നിർദ്ദേശം നൽകിയത്. തുടർനടപടികൾക്കായി ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
കണ്ണൂർ പിണറായിയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമായും അന്വേഷണ പരിധിയിൽ വരും. ഇതിന് പുറമെ മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും സമാനമായ രീതിയിൽ ചട്ടവിരുദ്ധമായി പർച്ചേസ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ക്രമക്കേടുകളെല്ലാം വിജിലൻസ് സംഘം സമഗ്രമായി അന്വേഷിക്കും.




+ There are no comments
Add yours