മൂന്നാർ: ഉപജില്ലാ കായികമേളയ്ക്കിടെ ചെളിനിറഞ്ഞ മൈതാനത്ത് മത്സരങ്ങൾ നടത്തി വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകാതെ കായികമേള വെറും പ്രഹസനമാക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

മൂന്നാർ കൊറണ്ടിക്കാട് സ്കൂളിലെ മോശം അവസ്ഥയിലുള്ള ഗ്രൗണ്ടിലാണ് കായികമത്സരങ്ങൾ സംഘടിപ്പിച്ചത്. കനത്ത മഴയിൽ ചെളിക്കുളമായ ഗ്രൗണ്ടിൽ ഓടാനും ചാടാനും നിർബന്ധിതരായ നിരവധി വിദ്യാർത്ഥികൾക്ക് തെന്നിവീണ് പരിക്കേറ്റിരുന്നു. മൂന്നാർ ടൗണിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഹൈ ആൾട്ടിറ്റിയൂട്ട് സ്റ്റേഡിയം ലഭ്യമായിരിക്കെയാണ്, സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത സ്കൂൾ ഗ്രൗണ്ട് മത്സരവേദിയാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ സംഘാടക സമിതിക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അപകടകരമായ നിലവിലെ ഗ്രൗണ്ടിൽ നിന്ന് മത്സരങ്ങൾ ഉടനടി സുരക്ഷിതമായ മറ്റ് വേദികളിലേക്ക് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ രക്ഷിതാക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.




+ There are no comments
Add yours