ഫോണിലെ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം; അമ്മ പോലീസ് കസ്റ്റഡിയിൽ

Estimated read time 1 min read

തിരുവനന്തപുരം: ഫോണിലെ വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസ്സുകാരിയായ മകളെ തടികഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദയ്ക്കാണ് (6) പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കട്ടിലിൽ നിന്ന് വീണുണ്ടായ പരിക്കാണെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും ചേർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പരിക്കുകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിലുള്ള ദേഷ്യത്തിൽ തടികഷ്ണം ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ചതാണെന്ന് വ്യക്തമായത്. സംഭവത്തിൽ അമരവിള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അമ്മ ശോഭയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

+ There are no comments

Add yours