തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയാക്കാൻ സാധിച്ചെന്നും ബാക്കി 20 പദ്ധതികളുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. രണ്ടുഘട്ടമായി നടപ്പാക്കിയ അവലോകനങ്ങൾ പദ്ധതി നിർവ്വഹണത്തിന് വേഗം കൂട്ടിയെന്നും ഈ നേട്ടം സർക്കാരിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡാറ്റാ ഡ്രൈവൻ ഗവേണൻസ് എന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ തുടക്കമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ അടുത്തഘട്ടമായി സംസ്ഥാനത്ത് ഫയൽ തീർപ്പാക്കലിനായി ‘ജനസ്പർശം’ എന്ന പേരിൽ അദാലത്തുകൾ സംഘടിപ്പിക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ വകുപ്പുതലത്തിലായിരിക്കും അദാലത്തുകൾ നടക്കുക. നിലവിൽ രണ്ടേമുക്കാൽ ലക്ഷത്തോളം ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും കെട്ടിക്കിടക്കുന്നുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സാങ്കേതിക സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം, ലോകത്തിലാദ്യമായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കുന്നതിനുള്ള ബില്ലിന്റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും സമഗ്രമായ വിവരശേഖരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





+ There are no comments
Add yours