ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ, ട്രെയിൻ സർവീസുകൾ പൂർണ്ണമായി അടച്ചിടാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. “ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ല” എന്ന് നിരീക്ഷിച്ച കോടതി, തലസ്ഥാനം പൂർണ്ണമായി അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.

പ്രതിഷേധങ്ങളുടെ പേരിൽ ഗതാഗതം റദ്ദാക്കുന്നത് വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ജീവനക്കാർ എന്നിവരടക്കമുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ സി.പി.ഐ.എം ദേശീയ അധ്യക്ഷൻ എം.എ. ബേബി അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.
സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഭരണകൂടം തടയരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. എല്ലാവർക്കും സ്വന്തമായി കാറുകളുണ്ടാകണമെന്നില്ലെന്നും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കിയ കോടതി, പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി സ്തംഭിപ്പിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.




+ There are no comments
Add yours