വാഷിംഗ്‌ടൺ: വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാനുള്ള സ്ഥിരം തൊഴിൽ സാക്ഷ്യപത്ര (PERM) പദ്ധതിയിൽ നിന്ന് പ്രമുഖ ഐ.ടി ഔട്ട്‌സോഴ്‌സിംഗ് കമ്പനികളെ താൽക്കാലികമായി വിലക്കി ട്രംപ് ഭരണകൂടം. മൈക്രോസോഫ്റ്റ്, ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, കോഗ്നിസെന്റ്, അഡോബി, എച്ച്.സി.എൽ, കാപ്‌ജെമിനി എന്നീ ലോകോത്തര 8 വൻകിട കമ്പനികൾക്കെതിരെയാണ് യു.എസ് നടപടി സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് (ഒക്ടോബർ 8) ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായത്.

യു.എസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗും യു.എസ് ആന്റി ഫ്രോഡ് ടാസ്‌ക് ഫോഴ്‌സ് തലവനും വൈസ് പ്രസിഡന്റുമായ ജെ.ഡി. വാൻസും ചേർന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. തൊഴിൽ വിസ പ്രോഗ്രാമുകൾ ദുരുപയോഗം ചെയ്യുകയും പ്രാദേശിക അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് കമ്പനികൾക്കെതിരെയുള്ള കടുത്ത നടപടി.

നിലവിലെ തീരുമാനം അമേരിക്കയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും ഉയർന്ന തസ്തികകളിൽ സ്ഥിരതാമസം സ്വപ്നം കാണുന്നവരെയും ബാധിക്കും. വിദേശ തൊഴിലാളികൾക്കായി യു.എസ് സർക്കാർ കൊണ്ടുവരുന്ന കർശന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ ഗ്രീൻ കാർഡ് അപേക്ഷാ വിലക്ക് വിലയിരുത്തപ്പെടുന്നത്.




+ There are no comments
Add yours