പുറത്താക്കിയവരെ തിരിച്ചെടുക്കും; കെ.എസ്.ഇ.ബി മീറ്റർ റീഡർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

Estimated read time 0 min read

തിരുവനന്തപുരം: ജോലിയിൽ നിന്ന് പുറത്താക്കിയ കരാർ ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായതിനെ തുടർന്ന് കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം താത്കാലികമായി പിൻവലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ നിർണ്ണായക ചർച്ചയിലാണ് സമവായമുണ്ടായത്. മീറ്റർ റീഡർമാർ ഉന്നയിച്ച മറ്റ് പ്രധാന ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചർച്ചയിൽ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി. സമരം കടുപ്പത്തിലായതോടെ മീറ്റർ റീഡിംഗ് തടസ്സപ്പെടുകയും സംസ്ഥാനത്തുടനീളം ബില്ലിംഗ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റീഡിംഗ് മെഷീനുകൾ തിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി നടപടി ആരംഭിക്കുകയും മെഷീൻ നൽകാൻ തയ്യാറാകാത്തവർക്കെതിരെ പോലീസ് നടപടിക്ക് ആലോചിക്കുകയും ചെയ്തിരുന്നു.

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന കരാർ മീറ്റർ റീഡർമാരാണ് പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്. മീറ്റർ റീഡിംഗ് മുടങ്ങിയത് മൂലം കെ.എസ്.ഇ.ബിയുടെ വരുമാനത്തിൽ കാൽഭാഗത്തോളം കുറവുണ്ടാവുകയും ഉപഭോക്താക്കൾ പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്.

+ There are no comments

Add yours