കൊച്ചി: ഇൻസ്റ്റഗ്രാമിൽ റീൽ ഷെയർ ചെയ്യുമ്പോൾ ഉപയോക്താക്കൾക്കിടയിൽ പുതിയൊരു എ.ഐ ഐക്കൺ ശ്രദ്ധ നേടുന്നു. മെറ്റയുടെ ഏറ്റവും പുതിയ എ.ഐ ഫീച്ചറായ ‘മ്യൂസ്’ (Muse) ആണിത്. വെറുമൊരു സാധാരണ ചാറ്റ്‌ബോട്ട് എന്നതിലുപരി, ഒന്നിലധികം ഘട്ടങ്ങളുള്ള സങ്കീർണ്ണമായ ഡിജിറ്റൽ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന തരത്തിലാണ് മ്യൂസിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ഉപയോഗത്തെ മെറ്റയുടെ എ.ഐ സംവിധാനങ്ങളുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. ഇൻസ്റ്റഗ്രാമിൽ കാണുന്ന ഒരു പോസ്റ്റുമായോ റീലുമായോ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനും, പുതിയ ക്രിയേറ്റീവ് ആശയങ്ങൾ രൂപപ്പെടുത്താനും മ്യൂസിന് കഴിയും. ഘട്ടംഘട്ടമായി പുറത്തിറക്കുന്നതിനാൽ നിലവിൽ എല്ലാ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെയും അക്കൗണ്ടുകളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടില്ല.

ടെക്സ്റ്റ് സന്ദേശങ്ങൾ നൽകി ചിത്രങ്ങൾ നിർമ്മിക്കാനും നിലവിലുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും മ്യൂസിലൂടെ സാധിക്കും. പശ്ചാത്തലം മാറ്റുക, ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യുക, വിവിധ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് പുതിയ വിഷ്വലുകൾ ഉണ്ടാക്കുക, ആശയങ്ങളെ ഇൻഫോഗ്രാഫിക്സുകളാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങൾ മ്യൂസ് എ.ഐ ഉപയോഗിച്ച് ചെയ്യാം. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും ഇതിനകം മ്യൂസ് അധിഷ്ഠിത എ.ഐ ക്രിയേറ്റീവ് ടൂളുകൾ ലഭ്യമാണ്.

അതേസമയം, ഇത്തരം എ.ഐ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കയുയർത്തുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്ത് പ്രവർത്തിക്കുന്ന എ.ഐ സംവിധാനങ്ങൾ പങ്കുവെക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് കാര്യമായ ഗ്യാരണ്ടി നൽകുന്നില്ലെന്ന വാദവും ശക്തമാണ്. എങ്കിലും, ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം അനുഭവത്തെ പൂർണ്ണമായി തിരുത്തിയെഴുതാൻ ശേഷിയുള്ള മെറ്റയുടെ സുപ്രധാന കാൽവെപ്പായാണ് മ്യൂസ് വിലയിരുത്തപ്പെടുന്നത്.




+ There are no comments
Add yours