ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാൻ തീരുമാനം. വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള യു.പി സർക്കാരിന്റെ നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28-നാണ് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജൂൺ 15 മുതൽ വാണിജ്യ സർവീസുകൾ ആരംഭിക്കുകയുണ്ടായി. ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി സർവീസ് നടത്തിയത്. പശ്ചിമ ഉത്തർപ്രദേശിലെയും എൻ.സി.ആറിലെയും വ്യോമയാന ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് ഈ പുതിയ വിമാനത്താവളം വഹിക്കുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ, സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എ.ജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേന്ദ്ര-സംസ്ഥാന സർക്കാരുകളും സംയുക്തമായാണ് പദ്ധതി വികസിപ്പിച്ചത്. നിലവിൽ ഒരു റൺവേയും പ്രതിവർഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു പാസഞ്ചർ ടെർമിനലുമാണ് ഇതിലുള്ളത്. ഭാവിയിൽ ഇത് പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കും. കാർഗോ സൗകര്യങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, വിദ്യാഭ്യാസ-കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ മേഖലയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പദ്ധതിക്ക് ഭൂമി വിട്ടുനൽകിയ കർഷകരുടെ സഹകരണം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.




+ There are no comments
Add yours