ഇടുക്കി: സി.പി.ഐ.എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും ജനപ്രതിനിധികൾക്കും നേരെ രൂക്ഷമായ വിമർശനവും ഗുരുതര ആരോപണങ്ങളും. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രൻ മത്സരിച്ചതും സ്ഥാനാർത്ഥി നിർണ്ണയം പാളിയതും ജില്ലയിലാകെ പാർട്ടിക്ക് തിരിച്ചടിയായെന്ന് യോഗത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വത്തിന്റെ താല്പര്യങ്ങൾ പൂർണ്ണമായും മറികടന്നാണ് സ്ഥാനാർത്ഥി നിർണ്ണയം നടന്നതെന്നും ആരോപണമുയർന്നു.
ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് യോഗത്തിൽ ഉയർന്നത്. സി.വി. വർഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്ന് നേതാക്കൾ തുറന്നടിച്ചു. ദേവികുളം മണ്ഡലത്തിലെ പരാജയത്തിൽ മുൻ എം.എൽ.എ എ. രാജയ്ക്കെതിരെയും കടുത്ത വിമർശനമുയർന്നു. ജനപ്രതിനിധി എന്ന നിലയിൽ രാജ സമ്പൂർണ്ണ പരാജയമായിരുന്നുവെന്നും, പാർട്ടിയുടെ ഉറച്ച സീറ്റായ ദേവികുളത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ പിടിപ്പുകേട് ഒന്നു കൊണ്ടു മാത്രമാണെന്നും പ്രതിനിധികൾ തുറന്നടിച്ചു.
രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സി.പി.ഐ.എം ഇടുക്കി ജില്ലാ ഘടകത്തിൽ ഉടൻ പുനസംഘടനയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പി.എസ്. രാജനെ ഒഴിവാക്കിയേക്കും. കൂടാതെ ജില്ലാ കമ്മിറ്റിയിലേക്ക് രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്താനും, നാല് പുതിയ ഏരിയ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കാനും പാർട്ടി തലത്തിൽ നീക്കങ്ങൾ നടക്കുന്നുണ്ട്.




+ There are no comments
Add yours