സ്റ്റോക്ഹോം: 2026-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസെന്. ഉയർന്ന ഊർജമുള്ള ജ്യോതിശാസ്ത്ര ന്യൂട്ട്രിനോകളെ (astrophysical neutrinos) കണ്ടെത്തിയതിനും, ഇതിനായി അന്റാർട്ടിക്കയിൽ സ്ഥാപിച്ച ഐസ്ക്യൂബ് ന്യൂട്ട്രിനോ ഒബ്സർവേറ്ററിക്ക് നൽകിയ സുപ്രധാന സംഭാവനകൾ പരിഗണിച്ചുമാണ് ഈ നേട്ടം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അന്റാർട്ടിക്കയിലെ കൂറ്റൻ ഹിമപാളികൾ ഉപയോഗിച്ച് പ്രകൃതിയിലെ ഏറ്റവും നിഗൂഢമായ കണികകളെ കണ്ടെത്തിയതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
എന്താണ് ഹാൽസെന്റെ കണ്ടെത്തൽ?
പ്രപഞ്ചത്തിലെ അതിശക്തമായ ഊർജ്ജ പ്രതിഭാസങ്ങളിൽ നിന്ന് രൂപപ്പെടുന്ന വളരെ ചെറിയതും വൈദ്യുത ചാർജ് ഇല്ലാത്തതുമായ കണികകളാണ് ന്യൂട്ട്രിനോകൾ. ദ്രവ്യവുമായി വളരെ നേരിയ തോതിൽ മാത്രം പ്രതിപ്രവർത്തിക്കുന്നതുകൊണ്ട് ഇവയെ “ഗോസ്റ്റ് കണികകൾ” അഥവാ ‘പ്രേതകണങ്ങൾ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഓരോ സെക്കൻഡിലും ലക്ഷക്കണക്കിന് ന്യൂട്ട്രിനോകൾ നാം പോലുമറിയാതെ നമ്മുടെ ശരീരത്തിലൂടെയും ഭൂമിയിലൂടെയും കടന്നുപോകുന്നുണ്ട്.
മറ്റ് പദാർത്ഥങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാതെ കടന്നുപോകുന്നതുകൊണ്ട് തന്നെ ഇവയെ കണ്ടെത്തുക എന്നത് ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ മറ്റ് പ്രപഞ്ച കണികകളെ അപേക്ഷിച്ച്, ഉയർന്ന ഊർജമുള്ള ന്യൂട്ട്രിനോകൾക്ക് ദിശ മാറുകയോ ഊർജം നഷ്ടപ്പെടുകയോ ചെയ്യാതെ പ്രപഞ്ചത്തിൽ വലിയ ദൂരങ്ങൾ സഞ്ചരിക്കാൻ സാധിക്കും. അതിനാൽ തന്നെ, അവ ഉത്ഭവിച്ച അതിതീവ്രമായ പ്രപഞ്ച കോണുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ യാതൊരു മാറ്റവുമില്ലാതെ ഭൂമിയിലെത്തിക്കാൻ ഈ കണികകൾക്ക് കഴിയും എന്നതാണ് ഹാൽസെന്റെ ഗവേഷണത്തെ നിർണായകമാക്കുന്നത്.




+ There are no comments
Add yours