യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: കന്റോൺമെന്റ് എസ്.എച്ച്.ഒയ്ക്കും എസ്.ഐയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി എസ്.എഫ്.ഐ

Estimated read time 0 min read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് എസ്.എച്ച്.ഒയ്ക്കും എസ്.ഐയ്ക്കുമെതിരെ എസ്.എഫ്.ഐ പോലീസിൽ പരാതി നൽകി. വിദ്യാർത്ഥികളുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ഇതിന് പുറമെ, കന്റോൺമെന്റ് എസ്.ഐ ഗോകുലിനെതിരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്.ഐ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും, ഫോൺ ട്രാക്ക് ചെയ്തത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്നും, കന്റോൺമെന്റ് സ്റ്റേഷന് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി. കമ്മീഷണർ ഈ റിപ്പോർട്ട് പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഗോകുലിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

+ There are no comments

Add yours