വി.ഡി. സതീശനുമായി സണ്ണി ജോസഫിന്റെ കൂടിക്കാഴ്ച; പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് അടൂർ പ്രകാശ്

Estimated read time 0 min read

ന്യൂഡൽഹി: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടെ ഡൽഹി കേരള ഹൗസിൽ വെച്ച് വി.ഡി. സതീശനുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. സംഘടനാ വിഷയങ്ങളും അടൂർ പ്രകാശിന്റെ പരാതിയും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയം നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലായതിനാൽ ഇതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അടൂർ പ്രകാശ് അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കല്ല, മറിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടാണ് താൻ പരാതി കൈമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, ഈ വിഷയങ്ങളിൽ നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോൺഗ്രസിലെയും യു.ഡി.എഫിലെയും അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് നേതാക്കൾ ഡൽഹിയിലെത്തിയത്. അടൂർ പ്രകാശും സണ്ണി ജോസഫും കഴിഞ്ഞ ദിവസം ഖർഗെയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ കോൺഗ്രസിലെ തർക്കങ്ങളും അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളും രാഹുൽ ഗാന്ധിയുടെയും പരിഗണനയിലാണ്.

കൺവീനർ എന്ന നിലയിൽ തന്നെ നോക്കുകുത്തിയാക്കുകയാണെന്നും, യു.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഖർഗെയെ അടൂർ പ്രകാശ് അറിയിച്ചിരുന്നു. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒറ്റത്തവണ മാത്രമാണ് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനമാനങ്ങൾ ആർക്കെങ്കിലും നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ തീരുമാനങ്ങൾ കൂട്ടായ ചർച്ചയിലൂടെ ആയിരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

+ There are no comments

Add yours